Sunday, November 28, 2010

ആനന്ദം

എന്താണ് നിനക്കാനന്ദം ?

നിന്‍റെ ചൂടുമിനീരിനെ
ഞാനാദ്യമായറിഞ്ഞോരാ
മരച്ചോടോ

ഞാന്‍ വേട്ടയാടി
പകുത്തെടുത്ത നിന്‍
പിന്‍ കഴുത്തോ

അതോ, എന്‍റെ ഉയര്‍ച്ചതാഴ്ച്ചകളില്‍ ,
വിയര്‍പ്പിനാല്‍ നനയുന്ന
ഈ നീല മെത്തയോ

എവിടെയാണ് നിനക്കാനന്ദം ?

"നീയില്ലയെങ്കിലും, എന്‍റെ
മാംസത്തിന്‍ ചങ്ങലക്കണ്ണികളെ
പൊട്ടാതെ കാക്കുന്നു,
ഈ കപടയന്ത്രവേഗങ്ങള്‍ തന്‍
സുഖമുള്ള നോവ്‌

പക്ഷെ, നിന്‍റെ വന്യമാം തൃഷ്ണ
ശാന്തമായുറങ്ങുന്നൊരീ
അടിവയറാണെനിക്കേറ്റമാനന്ദം

കാരണം, ഞാനൊരു സ്ത്രീയാണ്"

Saturday, November 27, 2010

ധ്രുവങ്ങള്‍

പ്രണയിനീ,
നിന്‍റെ ഉള്ളം കയ്യില്‍
ഉരുകിയൊലിച്ച എന്‍റെ മനസ്സ്
ഉറ കൂടുവാന്‍ ഒരിടം തേടി

നിന്‍റെ ഗര്‍ഭാശയത്തിന്‍റെ,
ഇരുണ്ട കോണിലെ,
തണുപ്പായിരുന്നു
എനിക്കിഷ്ട്ടം

തണുപ്പ്,
മരിച്ച ഓര്‍മകളെയും
അഴുകാതെ കാക്കുന്ന
തണുപ്പ്

തണുപ്പിന്‍റെ
ആ ഇരുണ്ട അറയിലാണ്
എന്‍റെ നിശ്വാസത്തിന്,
നിന്‍റെ രുചിയറിഞ്ഞ ഉമിനീരിന്,
നിന്നിലേയ്ക്ക് ആര്‍ത്തിയോടെ
നഖങ്ങളാഴ്ത്തിയ
എന്നിലെ വേട്ടനായ്ക്ക്
നിര്‍വൃതി !

എങ്കിലും
നീ കരകവിയില്ല
എന്നിലേയ്ക്ക് കുലംകുത്തി
ഒഴുകുകയുമില്ല

കാരണം,
ഇന്ന് നാം
രണ്ട് ധ്രുവങ്ങളാണ്

Tuesday, June 22, 2010

നഖo

റോസാപുഷ്പം പോലെ
തുടുത്ത് മാംസളമായ
വിരലുകള്‍ എന്നെ തഴുകി

എന്നാല്‍ അവയുടെ അറ്റത്തെ -
മൃദുലതയെ ചീന്തുന്ന,
ആര്‍ദ്രതയെ കീറിമുറിക്കുന്ന -
നഖങ്ങളെപ്പറ്റി ഞാന്‍ ഓര്‍ത്തതേയില്ല.

Monday, June 21, 2010

കോള


ഇനി നിങ്ങള്‍ക്കീ
കോള കുടിക്കാം

കാരണം,
അത് നിങ്ങളുടെ
നഷ്ടപ്പെട്ട രക്തമാണ്,
ഊറ്റിയെടുക്കപ്പെട്ട ഉമിനീരാണ്,
വറ്റിപ്പോയ കണ്ണുനീരാണ്.

Friday, June 18, 2010

യേശുവിന്‍റെ വിലാപം

ഇത് ആദിയില്‍
ഞാന്‍ പൊഴിച്ച മന്ന
അല്ല നിങ്ങള്‍ കവര്‍ന്നെടുത്ത
എന്‍റെ രക്തം, മാംസം.

ഒരിക്കല്‍ മരണം
ഒരൊറ്റ പുനരുത്ഥാനം-
അന്ന്‍ ഞാന്‍ പറഞ്ഞു.

ഇന്ന് ദിനരാത്രങ്ങള്‍ക്കിടയില്‍
പുരോഹിതരുടെ ബലികളില്‍
ഒന്നിലധികം മരണം
ഒരുപാട് പുനരുത്ഥാനം

നല്ലകള്ളന്മാര്‍ ഉയിര്‍ത്ത്
സ്വര്‍ഗത്തിലേയ്ക്ക്
ഞാന്‍ പട്ടില്‍ പൊതിഞ്ഞ
ഈയൊരപ്പക്കഷണമായ്,
മണ്ണില്‍ തന്നെ
മോക്ഷം കാത്ത് അങ്ങിനെ.