Saturday, October 22, 2011

മൌനം

പരസ്പരം പറഞ്ഞുതീരാത്ത
രണ്ട് മൌനങ്ങളാണ് നമ്മള്‍

വാക്കുകളുടെ ഒറ്റപ്പെട്ട തുരുത്തുകളില്‍
തങ്ങളില്‍ നോക്കിയിരിക്കുന്നവര്‍

പ്രണയം ജ്വലിക്കുന്ന
നിന്‍റെ കണ്ണുകളോടു
മറുപടിയില്ലെനിക്ക്

എന്‍റെ ഹൃദയത്തിലൊരു
കഴുമരം ഒരുങ്ങുന്നു

നിന്‍റെ കണ്ണുകളും
എന്‍റെ മൌനവും ചേര്‍ന്ന്
എന്നെ തൂക്കിലേറ്റുന്നു

മൌനം മാത്രം
നമുക്കിടയില്‍ ജീവിക്കുന്നു

Wednesday, May 4, 2011

ആത്മഹത്യാക്കുറിപ്പ്



ഒരുപക്ഷേ,
ഞാനിന്ന് ആത്മഹത്യചെയ്തേക്കും

എന്‍റെ മരണക്കുറിപ്പില്‍
നിന്‍റെ പേരുണ്ടാവില്ല
നിന്‍റെയെന്നല്ല
ഞാനൊഴികെ മറ്റാരുടെയും

എങ്കിലും
നിന്‍റെ ആത്മാവിനെ ചുംബിച്ചു
കൊതിതീരാത്ത എന്‍റെ ചുണ്ടുകള്‍ക്ക്
ഇനിയുമൊരുപാട് പറയുവാനുണ്ട്

ഇപ്പോഴെങ്കിലും,

നിന്‍റെ കത്തുന്ന കണ്ണുകള്‍കൊണ്ട്
എന്നെ വിശുദ്ധീകരിക്കുക

നിന്‍റെ ചുണ്ടിന്‍റെ അമ്ലലായിനി തളിച്ച്
എന്നെ ജ്ഞാനസ്നാനപ്പെടുത്തുക

നിന്നിലെ നീരുറവ പകര്‍ന്ന്
എന്‍റെ പാപക്കറ മായ്ക്കുക

കാരണം,
മരണത്തിനും മുമ്പേ
എന്നില്‍ നിന്ന് നിന്നെ
എനിക്ക് കഴുകിക്കളയണം

Friday, April 29, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു


ഒടുവില്‍ ലോകമനസാക്ഷി കാസര്‍കോട്ടെ ജനങ്ങള്‍ക്കൊപ്പം.

Sunday, January 30, 2011

മരിച്ചവന്‍റെ കണ്ണീര്

മരിച്ചവന്‍റെ കണ്ണീര് കണ്ടിട്ടുണ്ടോ ?
മരിച്ചവനു കണ്ണീരോ ?
ഉത്തരം മറുചോദ്യമാവും

ചോദ്യചിഹ്നത്തിന്‍റെ
അരിവാള്‍മുന
കഴുത്തോട് ചേര്‍ത്ത് പറയട്ടെ :

തന്നെയോര്‍ത്തല്ല ,
തനിക്ക് ശവപ്പെട്ടി
പണിയേണ്ടി വന്നവനെയോര്‍ത്ത്
അവന്‍റെ ഏകാന്തതയോര്‍ത്ത്

അവന്‍റെ അന്നത്തില്‍
മരണത്തിന്‍റെ കയ്പ്പുണ്ട്
കാതിലത്രയും
നിലച്ച ഹൃദയത്തിന്‍റെ മുഴക്കമുണ്ട്
നിശ്വാസം നിറയെയും
മടുപ്പിക്കുന്ന ഗന്ധമുണ്ട്
നിഴലുകള്‍ക്ക് പോലും
രക്തച്ഛവിയുണ്ട്

ഒരുപാട് മരണങ്ങളുടെയും
സ്വന്തം ജീവിതത്തിന്‍റെയും
ഇടയിലെ തുരുത്തില്‍
അയാള്‍ ഏകനാണ്

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍
മതിയായെന്നു വരില്ല
സ്വന്തം അച്ഛന്, അമ്മയ്ക്ക് ,
പാതിജീവനായിരുന്നവള്‍ക്ക് ,
സ്വന്തം ചോരയ്ക്ക്
ശവപ്പെട്ടി പണിയേണ്ടി വന്നവന്‍റെ
വേദന മറന്നു കിട്ടാന്‍

എങ്കിലും ശവപ്പെട്ടി വില്‍ക്കുന്നവന്
മരണമില്ലാതെ ജീവിതമില്ലല്ലോ !

മരിച്ചവന്‍ കരയാതെന്തു ചെയ്യും