Tuesday, June 22, 2010

നഖo

റോസാപുഷ്പം പോലെ
തുടുത്ത് മാംസളമായ
വിരലുകള്‍ എന്നെ തഴുകി

എന്നാല്‍ അവയുടെ അറ്റത്തെ -
മൃദുലതയെ ചീന്തുന്ന,
ആര്‍ദ്രതയെ കീറിമുറിക്കുന്ന -
നഖങ്ങളെപ്പറ്റി ഞാന്‍ ഓര്‍ത്തതേയില്ല.

Monday, June 21, 2010

കോള


ഇനി നിങ്ങള്‍ക്കീ
കോള കുടിക്കാം

കാരണം,
അത് നിങ്ങളുടെ
നഷ്ടപ്പെട്ട രക്തമാണ്,
ഊറ്റിയെടുക്കപ്പെട്ട ഉമിനീരാണ്,
വറ്റിപ്പോയ കണ്ണുനീരാണ്.

Friday, June 18, 2010

യേശുവിന്‍റെ വിലാപം

ഇത് ആദിയില്‍
ഞാന്‍ പൊഴിച്ച മന്ന
അല്ല നിങ്ങള്‍ കവര്‍ന്നെടുത്ത
എന്‍റെ രക്തം, മാംസം.

ഒരിക്കല്‍ മരണം
ഒരൊറ്റ പുനരുത്ഥാനം-
അന്ന്‍ ഞാന്‍ പറഞ്ഞു.

ഇന്ന് ദിനരാത്രങ്ങള്‍ക്കിടയില്‍
പുരോഹിതരുടെ ബലികളില്‍
ഒന്നിലധികം മരണം
ഒരുപാട് പുനരുത്ഥാനം

നല്ലകള്ളന്മാര്‍ ഉയിര്‍ത്ത്
സ്വര്‍ഗത്തിലേയ്ക്ക്
ഞാന്‍ പട്ടില്‍ പൊതിഞ്ഞ
ഈയൊരപ്പക്കഷണമായ്,
മണ്ണില്‍ തന്നെ
മോക്ഷം കാത്ത് അങ്ങിനെ.

Thursday, December 31, 2009

ഒരു നീലച്ചന്ദ്രന്‍റെ ഉദയം


ഇത് എന്‍റെ ആദ്യത്തെ ബ്ലോഗ്‌ പോസ്റ്റ്‌ ആണ്.2009 ഡിസംബര്‍ 31 തന്നെ ഇതിനു തിരഞ്ഞെടുക്കാന്‍ കാരണമുണ്ട്.

ഈ വര്‍ഷം എന്നെ വിട്ടു പിരിയുകയാണ്, എന്‍റെ ജീവിതത്തിലെ 19 വര്‍ഷങ്ങളും കവര്‍ന്നുകൊണ്ട്. ഈ വര്‍ഷത്തിന്‍റെ ഒടുക്കം നല്ലൊരു തുടക്കത്തിലെയ്ക്കാകട്ടെ എന്ന് കരുതി.

മാത്രമല്ല ഇന്ന്‍ നീലച്ചന്ദ്രന്‍റെ ദിനം കൂടിയാണ്. ഇംഗ്ലീഷില്‍ BlueMoon എന്നറിയപ്പെടുന്ന ഇത് മലയാളത്തില്‍ ഇരട്ടച്ചന്ദ്രന്‍ എന്നോ മറ്റോ ആണ് അറിയപ്പെടുന്നത്.

നീലച്ചന്ദ്രനെ നമ്മിലുറങ്ങി കിടക്കുന്ന നന്മയുടെ പ്രതീകമായാണ് ഞാന്‍ കാണുന്നത്. വല്ലപ്പോഴുമൊരിക്കലെ അത് പുറത്തുവരൂ. അത്തരം സുദിനങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് വിശാലമായ ഈ ബ്ലോഗുലകത്തിലേക്ക് എന്‍റെ കൊച്ചു കാല്‍വയ്പ്‌.

എല്ലാവര്‍ക്കും എന്‍റെ പുതുവത്സരാശംസകള്‍.